തണുത്തുറഞ്ഞ സ്വപ്നങ്ങൾ

ഷാങ്ങ്ഹായിലെ വേനലിൽ മഞ്ഞുകാലത്തെ വളരെയധികം മിസ്സ്‌ ചെയ്തപ്പോളാണ് ഈ വർഷം ആദ്യം നടത്തിയ ഹ്വാങ്ങ് ലോങ്ങ്‌ യാത്രയെപ്പറ്റി ഓർത്തത് . തെക്കു പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ മിങ്ങ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ജ്യുജായി ഗൗവും ഹ്വാങ്ങ് ലോങ്ങും ചൈനയിലെ ഏറ്റവും ഭംഗി യുള്ള സ്ഥലങ്ങളുടെ പട്ടികയിൽ മുന്നിലാണ് . “ഹ്വാങ്ങ് ലോങ്ങ്‌” എന്നാൽ മഞ്ഞ ഡ്രാഗണ്‍ എന്നർത്ഥം. മലകളെ ചുറ്റിക്കിടക്കുന്ന ഈ പ്രദേശം ഒരു സ്വർണ്ണ നിറത്തിലുള്ള ഡ്രാഗണിനെ പോലെ തോന്നിക്കുന്നതു കൊണ്ടാണ്‌ ഈ പേര് .കാൽസൈറ്റ് നിക്ഷേപങ്ങൾ കൊണ്ട് നിറമുള്ള തടാകങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്.

ഞങ്ങളുടെ ലക്‌ഷ്യം ജ്യുജായി ഗൗ ആയിരുന്നു . പക്ഷേ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഒരു തൈവാൻകാരനാണ് ഹ്വാങ്ങ് ലോങ്ങിൽ എത്താൻ സഹായിച്ചത് . രാവിലെ ഒരു എട്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ പാർക്കിലെത്തിയപ്പോൾ അവിടെ ജീവനക്കാരോ മറ്റു സന്ദർശകരോ ഉണ്ടായിരുന്നില്ല . കുറെ നേരം കഴിഞ്ഞു എത്തിച്ചേർന്ന ജീവനക്കാർ ഞങ്ങളോട് തിരിച്ചു പോകാൻ പറഞ്ഞു – മഞ്ഞു കാലമായതിനാൽ തടാകങ്ങളൊക്കെ മഞ്ഞു മൂടിക്കിടക്കുകായാതിനാൽ കാണാൻ അധികമൊന്നുമില്ല , മലയ്ക്ക് മുകളിലേക്കുള്ള റോപ്പ് വേ ഇല്ല ഇങ്ങനെ പല കാരണങ്ങൾ അവർ നിരത്തി .ഒടുവിൽ ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി അവർ ടിക്കറ്റ്‌ നല്കി.

ഞാൻ ആദ്യമായി ആയിരുന്നു ഇത്രെയും ഉയർന്ന ഒരു പ്രദേശം സന്ദർശിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 4000 മീറ്റർ ഉയരെ സ്ഥിതിചെയ്യുന്ന ഈ മലനിരകൾ കയറാൻ നന്നായി പ്രയസാപ്പെട്ടു. കുത്തനെയുള്ള കയറ്റമായിരുന്നില്ല , സന്ദർശകരുടെ സൗകര്യാർത്ഥം കൈവരികളോടു കൂടിയ പടവുകൾ ഉണ്ടായിരുന്നു , എല്ലാം മഞ്ഞിൽ മൂടി. ഇടയ്ക്കിടെ വിശ്രമിക്കാനുള്ള ഓക്സിജൻ ഹട്ടുകളും . “ഉയരവും മർദ്ദവ്യത്യാസവും തമ്മിലുള്ള ബന്ധമെന്താണ് ?” സ്കൂളിൽ എപ്പോളും തെറ്റിപ്പോകുമായിരുന്ന ആ ചോദ്യത്തിൻറെ ഉത്തരം ഞാൻ അന്നവിടെ നന്നായി പഠിച്ചു. ഉയരം കൂടുന്തോറും ശ്വാസമെടുക്കാൻ വളരെ ബുദ്ധിമുട്ടി , ചെറിയ പടവുകൾ കയറുമ്പോൾ തന്നെ ക്ഷീണിക്കുന്നു.

ഈ പാർക്കിൽ ഓരോയിടത്തും ഓരോ കാഴ്ചകളായിരുന്നു – ഉറഞ്ഞു നിൽക്കുന്ന വെള്ളച്ചാട്ടം ,നിറമുള്ള ചെറു തടാകങ്ങൾ ,ഷീഷെങ്ങ് ഗുഹ എന്നിങ്ങനെ. മലമുകളിലുള്ള ഒരു പ്രാചീന ബുദ്ധക്ഷേത്രത്തിൽ നിന്നാണ് ഈ തടാകങ്ങളുടെ പ്രഭവം. ചൈനയിലെ മിക്ക മലനിരകളുമായി അനുബന്ധിച്ചു എന്തെങ്കിലും പഴങ്കഥകൾ ഉണ്ടാവും. ഇവിടെ ഈ ഷീ ഷെങ്ങ് ഗുഹകളിൽ പണ്ട് സന്ന്യാസിമാർ ധ്യാനത്തിലും മറ്റു പരിശീലനങ്ങളിലും മുഴുകിയിരുന്നു.

ഈ സ്ഥലത്തിൻറെ ഭംഗി വിവരിക്കാൻ എനിക്കറിയില്ല .ഏതോ കഥയിലേതെന്ന പോലെ തണുത്തുറഞ്ഞ കുറേ ദൃശ്യങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായുകയില്ല.

 

ചെറു  തടാകങ്ങൾ
ചെറു തടാകങ്ങൾ
അണ്ണാൻ  കുഞ്ഞ്
അണ്ണാൻ കുഞ്ഞ്

 

സമുദ്രനിരപ്പിൽ  നിന്നും  3500 അടി  ഉയരെ ചെറുതടാകങ്ങൾ
സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരെ ചെറു തടാകങ്ങൾ
ഷീഷെങ്ങ് ഗുഹ
ഷീഷെങ്ങ് ഗുഹ
ഇവിടെ  ഒരു  വീടായാലോ !!
ഇവിടെ ഒരു വീടായാലോ !!

 

ഏതോ  കഥയിലേതെന്ന   പോലെ
ഏതോ കഥയിലേതെന്ന പോലെ
Advertisements
തണുത്തുറഞ്ഞ സ്വപ്നങ്ങൾ