ചൈനയിൽ നിന്നൊരു തന്തൂരി നാൻ

നമ്മുടെ നാട്ടിലെ തന്തൂരി നാൻ പോലെ തന്നെ, പക്ഷേ ഉള്ളിൽ ചെറിയ എരിവുള്ള ബീഫ്, പന്നിയിറച്ചി എന്തെങ്കിലും ഉണ്ടാവും.

“വെജിറ്റബിൾ ഉണ്ടോ “,ഞാൻ ചോദിച്ചു. സന്തോഷത്തോടെ കടക്കാരൻ മെനു കാണിച്ചു, ഉണ്ടെന്നു പറഞ്ഞു. “അതിൽ ഒരു പൊടിക്ക് മാത്രം പന്നിയിറച്ചി. ബാക്കി പച്ചക്കറി മാത്രം ” അയാൾ പറഞ്ഞു.
ഇറച്ചി ഇല്ലാതെ ചൈനക്കാർക്ക് എന്ത് ഭക്ഷണം.

ചപ്പാത്തി പോലെ പരത്തി തന്തൂരി അടുപ്പിലിട്ട് പാകം ചെയ്യും. ചൂടോടെ കഴിക്കാം – ഗാന് ഗോ ക്വയ്യ് (gan guo kui), കൂടെ കുടിക്കുവാനായി സൂപ്പും കിട്ടി. ഉള്ളിൽ എന്താണെന്നു ഒരു ഉറപ്പില്ല എന്ന കാരണത്താൽ അമ്മ കഴിച്ചില്ല. ബീഫ് ആണെന്ന് ഉറപ്പു വരുത്തി ഞാൻ രുചിയോടെ അകത്താക്കി.

Advertisements
ചൈനയിൽ നിന്നൊരു തന്തൂരി നാൻ

ചുറ്റുവട്ടം

ഈ  സീസണിലെ  ഷാങ്ങ്ഹായിലെ  അവസാനത്തെ  ശനിയാഴ്ച  ഒരു തേനീച്ചയുടെ  പിന്നാലെ  ഞാൻ  ചെവലഴിച്ചു .കഴിഞ്ഞ  കുറേ  കാലമായി  വസിച്ചിരുന്ന  അപ്പാർറ്റ്മെണ്ടിന്റെ  ചുറ്റുവട്ടം  നന്നായി  നടന്നു  കണ്ടു. ഇരുപത്തിമൂന്ന് ദശലക്ഷം ജനങ്ങൾ വസിക്കുന്ന അംബരചുംബികളായ കെട്ടിടങ്ങൾ നിറഞ്ഞ ഈ സിറ്റിയിൽ ഒരു ചെറിയ ജീവിയുടെ മനോഹരമായ ചില നിമിഷങ്ങൾ .

ഭൂതകാലത്തിൻറെ ഭാണ്ഡങ്ങൾ ഇല്ലാതെ , ഭാവിയെ പറ്റിയുള്ള ആകുലകതകൾ ഇല്ലാതെ ഒരു പൂവിൽ നിന്നും മറ്റൊരു പൂവിലേക്കുള്ള പ്രയാണം .

തേനീച്ച തേനീച്ച തേനീച്ച  Bee on flower Bee, Spring

തേനീച്ച

ചുറ്റുവട്ടം

തണുത്തുറഞ്ഞ സ്വപ്നങ്ങൾ

ഷാങ്ങ്ഹായിലെ വേനലിൽ മഞ്ഞുകാലത്തെ വളരെയധികം മിസ്സ്‌ ചെയ്തപ്പോളാണ് ഈ വർഷം ആദ്യം നടത്തിയ ഹ്വാങ്ങ് ലോങ്ങ്‌ യാത്രയെപ്പറ്റി ഓർത്തത് . തെക്കു പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ മിങ്ങ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ജ്യുജായി ഗൗവും ഹ്വാങ്ങ് ലോങ്ങും ചൈനയിലെ ഏറ്റവും ഭംഗി യുള്ള സ്ഥലങ്ങളുടെ പട്ടികയിൽ മുന്നിലാണ് . “ഹ്വാങ്ങ് ലോങ്ങ്‌” എന്നാൽ മഞ്ഞ ഡ്രാഗണ്‍ എന്നർത്ഥം. മലകളെ ചുറ്റിക്കിടക്കുന്ന ഈ പ്രദേശം ഒരു സ്വർണ്ണ നിറത്തിലുള്ള ഡ്രാഗണിനെ പോലെ തോന്നിക്കുന്നതു കൊണ്ടാണ്‌ ഈ പേര് .കാൽസൈറ്റ് നിക്ഷേപങ്ങൾ കൊണ്ട് നിറമുള്ള തടാകങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്.

ഞങ്ങളുടെ ലക്‌ഷ്യം ജ്യുജായി ഗൗ ആയിരുന്നു . പക്ഷേ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഒരു തൈവാൻകാരനാണ് ഹ്വാങ്ങ് ലോങ്ങിൽ എത്താൻ സഹായിച്ചത് . രാവിലെ ഒരു എട്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ പാർക്കിലെത്തിയപ്പോൾ അവിടെ ജീവനക്കാരോ മറ്റു സന്ദർശകരോ ഉണ്ടായിരുന്നില്ല . കുറെ നേരം കഴിഞ്ഞു എത്തിച്ചേർന്ന ജീവനക്കാർ ഞങ്ങളോട് തിരിച്ചു പോകാൻ പറഞ്ഞു – മഞ്ഞു കാലമായതിനാൽ തടാകങ്ങളൊക്കെ മഞ്ഞു മൂടിക്കിടക്കുകായാതിനാൽ കാണാൻ അധികമൊന്നുമില്ല , മലയ്ക്ക് മുകളിലേക്കുള്ള റോപ്പ് വേ ഇല്ല ഇങ്ങനെ പല കാരണങ്ങൾ അവർ നിരത്തി .ഒടുവിൽ ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി അവർ ടിക്കറ്റ്‌ നല്കി.

ഞാൻ ആദ്യമായി ആയിരുന്നു ഇത്രെയും ഉയർന്ന ഒരു പ്രദേശം സന്ദർശിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 4000 മീറ്റർ ഉയരെ സ്ഥിതിചെയ്യുന്ന ഈ മലനിരകൾ കയറാൻ നന്നായി പ്രയസാപ്പെട്ടു. കുത്തനെയുള്ള കയറ്റമായിരുന്നില്ല , സന്ദർശകരുടെ സൗകര്യാർത്ഥം കൈവരികളോടു കൂടിയ പടവുകൾ ഉണ്ടായിരുന്നു , എല്ലാം മഞ്ഞിൽ മൂടി. ഇടയ്ക്കിടെ വിശ്രമിക്കാനുള്ള ഓക്സിജൻ ഹട്ടുകളും . “ഉയരവും മർദ്ദവ്യത്യാസവും തമ്മിലുള്ള ബന്ധമെന്താണ് ?” സ്കൂളിൽ എപ്പോളും തെറ്റിപ്പോകുമായിരുന്ന ആ ചോദ്യത്തിൻറെ ഉത്തരം ഞാൻ അന്നവിടെ നന്നായി പഠിച്ചു. ഉയരം കൂടുന്തോറും ശ്വാസമെടുക്കാൻ വളരെ ബുദ്ധിമുട്ടി , ചെറിയ പടവുകൾ കയറുമ്പോൾ തന്നെ ക്ഷീണിക്കുന്നു.

ഈ പാർക്കിൽ ഓരോയിടത്തും ഓരോ കാഴ്ചകളായിരുന്നു – ഉറഞ്ഞു നിൽക്കുന്ന വെള്ളച്ചാട്ടം ,നിറമുള്ള ചെറു തടാകങ്ങൾ ,ഷീഷെങ്ങ് ഗുഹ എന്നിങ്ങനെ. മലമുകളിലുള്ള ഒരു പ്രാചീന ബുദ്ധക്ഷേത്രത്തിൽ നിന്നാണ് ഈ തടാകങ്ങളുടെ പ്രഭവം. ചൈനയിലെ മിക്ക മലനിരകളുമായി അനുബന്ധിച്ചു എന്തെങ്കിലും പഴങ്കഥകൾ ഉണ്ടാവും. ഇവിടെ ഈ ഷീ ഷെങ്ങ് ഗുഹകളിൽ പണ്ട് സന്ന്യാസിമാർ ധ്യാനത്തിലും മറ്റു പരിശീലനങ്ങളിലും മുഴുകിയിരുന്നു.

ഈ സ്ഥലത്തിൻറെ ഭംഗി വിവരിക്കാൻ എനിക്കറിയില്ല .ഏതോ കഥയിലേതെന്ന പോലെ തണുത്തുറഞ്ഞ കുറേ ദൃശ്യങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായുകയില്ല.

 

ചെറു തടാകങ്ങൾ
ചെറു തടാകങ്ങൾ
അണ്ണാൻ കുഞ്ഞ്
അണ്ണാൻ കുഞ്ഞ്

 

സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരെ ചെറുതടാകങ്ങൾ
സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരെ ചെറു തടാകങ്ങൾ
ഷീഷെങ്ങ് ഗുഹ
ഷീഷെങ്ങ് ഗുഹ
ഇവിടെ ഒരു വീടായാലോ !!
ഇവിടെ ഒരു വീടായാലോ !!

 

ഏതോ കഥയിലേതെന്ന  പോലെ
ഏതോ കഥയിലേതെന്ന പോലെ
തണുത്തുറഞ്ഞ സ്വപ്നങ്ങൾ

പേരറിയാത്ത പൂക്കൾ

ഇത് പൂക്കാലം !

ഫെബ്രുവരി മുതൽ മേയ് വരെ ഇവിടെ വസന്തകാലമാണ്‌ .ചുറ്റും പലയിനതിലുള്ള പൂക്കൾ . ചെറിയ പുല്ല് ചെടികൾ മുതൽ വലിയ മരങ്ങൾ വരെ പൂത്തുലഞ്ഞു നിൽക്കുന്നു . ചൈനയിലെ പുതുവത്സരം ആരംഭിക്കുന്നത് ജനുവരി -ഫെബ്രുവരി മാസം വരുന്ന വസന്തോത്സവത്തോടെ (സ്പ്രിംഗ് ഫെസ്റ്റിവൽ ) ആണ് . വസന്തം എന്ന വാക്കിൻറെ ചൈനീസ് 春(ചുൻ ) എന്നാണ്‌ . സൂര്യൻ (日) , ചെടികൾ(草) , തളിരിടുക(屯) എന്നീ മൂന്ന് ഘടകങ്ങൾ ചേർന്നതാണ് 春. സൂര്യപ്രകാശത്തിൽ ചെടികൾ തളിരിട്ടു വരുന്നതിൻറെ പ്രതീകമാണിത് .

വസന്തകാലം എങ്ങനെ ഉണ്ടായി ?(ഫോട്ടോ കടപ്പാട് :ഷെൻയുൻ)
വസന്തകാലം എങ്ങനെ ഉണ്ടായി ?(ഫോട്ടോ കടപ്പാട് :ഷെൻയുൻ)

പൂക്കാലമായൽ  ഷാങ്ങ്ഹയിലെ  പാർക്കുകളിൽ  ഫ്ലവർ  ഫെസ്റ്റിവലുകളുടെ മേളമാണ് . ചെറി  ബ്ലോസ്സോം ഫെസ്റിവൽ , ടുലിപ് ഫെസ്റിവൽ ,പെനോയ് ഫെസ്റിവൽ   പക്ഷേ  പോയിനോക്കിയാൽ  പാർക്കുകളിൽ  പൂരപറമ്പിലേക്കാൾ തിരക്കും . ഓരോ ഭംഗിയുള്ള  ചെടിയുടെ അടുത്തും  ഫോട്ടോ  എടുക്കാനായി  വലിയ  ക്യൂ  തന്നെ . മാത്രമല്ല  പാർക്കുകളിൽ  അസഹനീയമായ  ഒരു  കൃത്രിമത്വം  എനിക്കനുഭവപ്പെട്ടു. അതിനാൽ  ഈ  സീസണിൽ  ഒരു  തവണ  പോയതോടെ  പാർക്കുകളോട് ടാറ്റാ ബൈ ബൈ  പറഞ്ഞു.  വഴിയരികുകളിൽ  കണ്ട  പൂക്കൾക്കായിരുന്നു  കൂടുതൽ  സൗരഭ്യം. മനോഹരങ്ങളായ പേരറിയാത്ത  പൂക്കൾ  ഇതാ ..

പൂവോ പൂമ്പാറ്റയോ
പൂവോ ഇത് പൂമ്പാറ്റയോ?

 

കണ്ടാൽ ചെമ്പരത്തി പോലെ
കണ്ടാൽ ചെമ്പരത്തി പോലെ
ഏതോ ഒരു  പൂവ്
ഏതോ ഒരു പൂവ്
ഈ പട്ടണത്തിൻറെ പുഷ്പം
ഈ പട്ടണത്തിൻറെ പുഷ്പം
ഇതാണത്രേ ചെറി ബ്ലൊസ്സൊം
ഇതാണത്രേ ചെറി ബ്ലൊസ്സൊം
Cherry Blossom Festival , Gucun Park. Shanghai
വസന്തം പൂത്തുലഞ്ഞു..
പേരറിയാത്ത പൂക്കൾ

മഞ്ഞില്‍ വിരിഞ്ഞ നഗരം

മഞ്ഞ് !!

കുട്ടിക്കാലത്ത് പുസ്തകങ്ങളിലൂടെയാണ് മഞ്ഞിനെപ്പറ്റി ഞാന്‍ ആദ്യമായി അറിഞ്ഞത്. മഞ്ഞുമലകളെയും മഞ്ഞുകൊട്ടാരങ്ങളെയും മഞ്ഞുമനുഷ്യനെയും കുറിച്ചുള്ള കഥകള്‍ എന്നില്‍ കൗതുകം ഉളവാക്കി. മഞ്ഞുകൊട്ടാരം നേരിട്ടു കാണാന്‍ ഞാന്‍ ചെറുപ്പത്തില്‍ വാശി പിടിച്ചു കരഞ്ഞു. പിന്നീട് മുതിര്‍ന്നപ്പോള്‍ ഇതൊക്കെ സാങ്കല്‍പ്പികമാകുമെന്ന് സ്വയം ആശ്വസിച്ചു. ഒരു പക്ഷേ ഹാര്‍ബിന്‍ സന്ദര്‍ശിച്ചില്ലയിരുന്നെകില്‍  മഞ്ഞുകൊട്ടാരങ്ങളും മഞ്ഞുശില്പങ്ങളും കുട്ടിക്കഥകളില്‍ മാത്രമുള്ളവയാണന്നു ഞാന്‍ കരുതിയേനെ.

ഈ പുതുവത്സരാവധി മഞ്ഞുമൂടിക്കിടക്കുന്ന ഹാര്‍ബിന്‍ നഗരത്തില്‍ ചെലവഴിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഷാങ്ങ്ഹായില്‍ നിന്നും മൂന്ന് മണിക്കൂര്‍ വിമാനയാത്രയ്ക്ക് ശേഷം ഞങ്ങള്‍ ഹാര്‍ബിനില്‍ എത്തിച്ചേര്‍ന്നു. ഹാര്‍ബിന്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പുറത്തെ താപനില -32 ഡിഗ്രി സെല്‍ഷ്യസ്. പുറത്തിറങ്ങിയപ്പോള്‍ തണുത്തകാറ്റ് ശക്തിയായി മുഖത്തേയ്ക്കടിച്ചു. ആദ്യമായി കാഴ്ചയില്‍ പെട്ടത് ചുറ്റും നോക്കെത്താ  ദൂരം വരെ മൂടിക്കിടക്കുന്ന മഞ്ഞ് . പിന്നിട് ശ്രദ്ധയാകര്‍ഷിച്ചത് വിമാനത്താവളത്തിന്‍റെ കവാടത്തില്‍ സ്ഥിതിചെയ്യുന്ന ഒരു  ഭീമാകാരമായ ശില്‍പ്പം , സ്ഫടികം പോലെ. പിന്നീട് ഹോട്ടല്‍ വരെയുള്ള യാത്രയില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുശില്പങ്ങള്‍ ദൃശ്യമായിരുന്നു.

വടക്ക് കിഴക്കന്‍ ചൈനയിലെ ഹേയ്ലോങ്ങ്‌ജിയാങ്ങ്‌ പ്രവിശ്യയുടെ തലസ്ഥാനാമാണ് ഹാര്‍ബിന്‍ . സൈബീരിയയില്‍ നിന്നുള്ള ശീതക്കാറ്റിന്‍റെ നേരിട്ടുള്ള പ്രഭാവത്താല്‍ ഹാര്‍ബിനില്‍ അതിശൈത്യം അനുഭവപ്പെടുന്നു. ജനുവരി മാസത്തെ ശരാശരി കാലാവസ്ഥ – 25 ഡിഗ്രി സെല്‍ഷ്യസാണ്. ഈ അതിശൈത്യത്തെ ഒരു ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് അവിടുത്തുകാര്‍. എല്ലാ വര്‍ഷവും ജനുവരി ആദ്യം മുതല്‍ ഫെബ്രുവരി അവസാനം വരെ ഹാര്‍ബിന്‍ അന്താരാഷ്ട്ര ഐസ് ആന്‍ഡ്‌ സ്നോ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഇത് ചൈനയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും അനേകം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

കിഴക്കിന്‍റെ മോസ്കോ

ട്രാന്‍സ് സൈബീരിയന്‍   റെയില്‍വേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു വന്ന ഒരു കൂട്ടം റഷ്യന്‍ എഞ്ചിനീയര്‍മാരാണ് 1898 -ല്‍ ഹാര്‍ബിന്‍  നഗരം  നിര്‍മ്മിച്ച്‌ അതിനെ  പുരോഗതിയുടെ പാതയിലേക്ക് നയിച്ചത്.  പിന്നീട് വളരെക്കാലം ഹാര്‍ബിന്‍ റഷ്യന്‍ ഭരണത്തിന്‍  കീഴിലായിരുന്നു.  അതിനാല്‍ റഷ്യന്‍  ശൈലിയിലുള്ള   നഗരവീഥികളും  കെട്ടിടങ്ങളും ഹാര്‍ബിന്‍റെ മറ്റൊരു പ്രത്യേകതയാണ്.  ഇതു  മൂലം  ഈ നഗരം “കിഴക്കിന്‍റെ മോസ്കോ”  എന്ന്  പ്രസിദ്ധിയാര്‍ജിച്ചു.   ഹാര്‍ബിനിലെ  സെന്‍റ്  സോഫിയ ചര്‍ച്ച്  റഷ്യന്‍ശൈലിയില്‍   നിര്‍മിതമായിരിക്കുന്ന  ഒരു പ്രധാന ദേവാലയമാണ്.

സെന്‍റ്സോഫിയാ ചര്‍ച്ച് , ഹാര്‍ബിന്‍

പള്ളിയുടെ ചരിത്രത്തെപ്പറ്റി  പാതി റഷ്യനും പാതി ചൈനീസുമായ  ഗൈഡ്   വിവരിച്ചു.   പണ്ടൊരിക്കല്‍ റഷ്യന്‍ – ജപ്പാന്‍  യുദ്ധകാലത്ത് ,  ജപ്പാനോട്  പരാജയപ്പെട്ട  റഷ്യന്‍ പട്ടാളക്കാരുടെ  ആത്മവിശ്വാസം വീണ്ടെടുക്കാനായി  നിര്‍മിതമായ  ഒരു ആത്മീയപ്രതീകമായിരുന്നു  ഈ പള്ളി. 175 അടി  ഉയരവും  , 721 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവുമുള്ളതാണ് ഈ റഷ്യന്‍ ഓര്‍ത്തഡോക്സ് പള്ളി. ഇത്  നിയോ ബൈസാന്‍ടെന്‍  ശൈലിയില്‍ നിര്‍മിതമായിരിക്കുന്നു. അതായത്  നമ്മുടെ  നാട്ടിലെ പള്ളികളില്‍  നിന്നും വ്യത്യസ്തമായി  ഉരുണ്ട മേല്‍ക്കൂരയാണ്  ഇതിന്‍റെ പ്രത്യേകത.  ചൈനീസ്  സര്‍ക്കാര്‍ ഈ  പള്ളി ഏറ്റെടുത്തു , 1997 മുതല്‍ ഇതിനെ  മുനിസിപ്പല്‍ ആര്‍കിടെക്ച്ചര്‍ ആന്‍ഡ്  ആര്‍ട്ട്  മ്യൂസിയമാക്കി മാറ്റി.  വിവിധ  കാലഘട്ടങ്ങളില്‍ ഹാര്‍ബിനുണ്ടായ  സാംസ്ക്കാരികവികാസങ്ങള്‍  പ്രദര്‍ശിപ്പിക്കുന്ന  ഒരു   കാഴ്ചബംഗ്ലാവാണ്  ഇപ്പോള്‍ ഇത് .

പള്ളി  ചുറ്റി നടന്നു കണ്ടുകഴിഞ്ഞപ്പോള്‍  സമയം അഞ്ചുമണി . ചുറ്റും വളരെ ഇരുണ്ടു കഴിഞ്ഞിരുന്നു . ഞങ്ങള്‍ അവിടുത്തെ ഒരു പ്രധാനവീഥിയായ  സെന്‍ട്രല്‍ സ്ട്രീറ്റ്  ലക്ഷ്യമാക്കി   നടന്നു . ഏഷ്യയിലെ  ഏറ്റവും നീളമേറിയ  നടപ്പാതകളില്‍  ഒന്നായ   ഈ  വീഥി ഹാര്‍ബിന്‍റെ റഷ്യന്‍  പാരമ്പര്യം വിളിച്ചോതുന്നു. യൂറോപ്യന്‍ ശൈലിയിലുള്ള   കെട്ടിടങ്ങളാണ് ഇരു വശവും.  അവിടെ  വിവിധ  മാളുകളും  ഓഫീസുകളുമാണ്. റഷ്യന്‍ നിര്‍മ്മിത കൗതുകവസ്തുക്കള്‍ , രോമക്കുപ്പായങ്ങള്‍ , വോഡ്ക , ഭക്ഷണവസ്തുക്കള്‍  എന്നിവ ഇവിടെ സുലഭം. സെന്‍ട്രല്‍ സ്ട്രീറ്റ്  ചുറ്റിനടക്കുമ്പോള്‍  ഏതോ  റഷ്യന്‍ നഗരത്തിലൂടെയാണോ  കടന്നു  പോകുന്നത് എന്ന പ്രതീതി ഉളവാകുന്നു.  രാത്രി  വൈകുംവരെ  നഗരക്കാഴ്ചകള്‍  കണ്ടതിനു  ശേഷം ഞങ്ങള്‍  ഹോട്ടലിലേക്ക്  മടങ്ങി.

സണ്‍   ഐലന്‍ഡ്

അടുത്ത ദിവസം  പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങള്‍ സണ്‍  ഐലന്‍ഡിലേക്ക് തിരിച്ചു. ഹാര്‍ബിനിലെ  പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍  അവിടുത്തെ സോങ്ഹുവാ നദിയെ  ചുറ്റിയാണ്‌……..സോങ്ഹുവാ നദിയുടെ  വടക്ക് ഭാഗത്തായി അയ്യായിരം  ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഈ പാര്‍ക്ക് പരന്നു  കിടക്കുന്നു. അന്താരാഷ്ട്ര ഐസ് ആന്‍ഡ്‌ സ്നോ ഫെസ്റ്റിവലിന്‍റെ ഒരു  പ്രധാന  വേദിയാണ് ഇവിടം.  പാര്‍ക്കില്‍ എത്തുന്നവരെ  ആദ്യം സ്വീകരിക്കുക  ഒരു കൂറ്റന്‍ മഞ്ഞുശില്പമാണ്. ഏതോ  മന്ത്രിക കഥയിലെ കഥാപാത്രങ്ങള്‍ എന്നു  തോന്നുന്ന  വിധം  നിരനിരയായി  കുറേ  പേര്‍…… . .പോയ വര്‍ഷങ്ങളിലെ  പ്രമേയങ്ങള്‍ എല്ലാം  കോര്‍ത്തിണക്കി  ഒരു  ഉഗ്രന്‍  ശില്‍പ്പം. ഇങ്ങനെ   നൂറിലധികം  മഞ്ഞുശില്പങ്ങള്‍  പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. ഓരോ ശില്പവും കരവിരുതിന്‍റെ മാന്ത്രിക സ്പര്‍ശത്താല്‍ അനുഗ്രഹീതമാണ്. ഓരോ ശില്പവും  ഒരു കഥ പറയുന്നു .

സണ്‍  ഐലന്‍ഡ്

ഒരു മണിക്കൂര്‍ കൊണ്ട്  കൈകാലുകള്‍  തണുത്തു മരവിച്ചു. പാര്‍ക്കില്‍  വിവിധഭാഗങ്ങളിലും  ഇഗ്ലൂ മാതൃകയിലുള്ള കോഫിഷോപ്പുകള്‍  ഉണ്ട്. അവിടുത്തെ  ചൂട് പാനീയങ്ങളും  ലഘുഭക്ഷങ്ങളും ശരീരത്തെ ചൂടാക്കുന്നു.  അല്‍പ്പസമയം  അവിടെ വിശ്രമിച്ചശേഷം  വീണ്ടും  പാര്‍ക്ക്‌ ചുറ്റിനടന്നു.  പാര്‍ക്കിന്‍റെ  ചില  ഭാഗങ്ങളില്‍  ശില്പനിര്‍മ്മാണത്തില്‍  ഏര്‍പ്പെട്ടു  നില്‍ക്കുന്ന  പണിക്കാരെ  കാണാം.  മറ്റുചിലര്‍  പാര്‍ക്കില്‍  നൃത്തവിരുന്നൊരുക്കുന്നു.  പ്രതികൂല കാലാവസ്ഥയെ  വകവയ്ക്കാതെ സ്വന്തം ജോലികളില്‍ മുഴുകി ഇരിക്കുന്ന ഈ ആളുകള്‍ എത്ര കഠിനാധ്വാനികള്‍ !!

ജോലിയില്‍ മുഴുകി
ജോലിയില്‍ മുഴുകി

ഐസ് ആന്‍ഡ്‌ സ്നോ അമ്യൂസ്മെന്‍റ് വേള്‍ഡ് 

വൈകുന്നേരം ഞങ്ങള്‍ ഐസ് ആന്‍ഡ്‌ സ്നോ അമ്യൂസ്മെന്‍റ് വേള്‍ഡ് സന്ദര്‍ശിച്ചു.സോങ്ഹുവാ നദിയുടെ  വടക്കുഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു.  സണ്‍ ഐലാന്‍ഡിലെ  മഞ്ഞുശില്പങ്ങളില്‍   നിന്നും വ്യത്യസ്തമായി   ഇവിടെ  ഐസ്  നിര്‍മ്മിത  ശില്പങ്ങലാണ്. 148 ഏക്കറില്‍  വിശാലമായി  പരന്നു കിടക്കുന്ന ഈ  പാര്‍ക്ക്  ലോകത്തിലെ  ഏറ്റവും വലിയ ഐസ് പാര്‍ക്കുകളില്‍ ഒന്നാണ്.  ഓരോ ശൈത്യകാലത്തും രണ്ടായിരത്തില്‍പ്പരം  ഐസ് കൊട്ടാരങ്ങളും ശില്പങ്ങളും  വെറും പത്തൊന്‍പത് ദിവസങ്ങള്‍ കൊണ്ട്  ഇവിടെ  നിര്‍മ്മിക്കപ്പെടുന്നു.

സോങ്ഹുവാ നദിയില്‍ നിന്നും  ലഭിക്കുന്ന  വലിയ ഐസ്കട്ടകളെ ദിനരാത്രങ്ങളെ പരിശ്രമഫലമായി  കൊട്ടാരങ്ങളും  ശില്‍പങ്ങളുമായി  മാറ്റിയെടുക്കുന്നു. വിവിധ നിറങ്ങളിലെ ലൈറ്റുകള്‍ ഇവയ്ക്ക്  വര്‍ണ്ണാഭമായ  ശോഭ നല്‍ക്കുന്നു. പക്ഷിമൃഗാദികള്‍ , വിശിഷ്ട വ്യക്തികള്‍ , പ്രധാനകെട്ടിടങ്ങള്‍ ,  നാടോടികഥകളിലെ  കഥാപാത്രങ്ങള്‍ എന്നിങ്ങനെ   ജീവിതത്തിന്‍റെ  നാനാതുറകളില്‍ നിന്നുമുള്ള   ഓരോന്നിനെയും ഇവിടെ  കണ്ടുമുട്ടാം. ഐസ് കൊണ്ടുള്ള  ചെറിയ  കൊതുക് മുതല്‍  വലിയ മദ്യക്കുപ്പി വരെ  ഇവിടെയുണ്ട് . ബുദ്ധനുണ്ട് , പള്ളിയുണ്ട് , ആങ്ഗ്രി ബേര്‍ട്സ് ഉണ്ട്  , ഒരു ഭീമാകാരമായ തെര്‍മോമീറ്റര്‍ ഉണ്ട്  . എത്ര കഠിനമാണ്  എവിടുത്തെ  തണുപ്പ് എന്നു കാണിക്കാന്‍… . തെര്‍മോമീറ്റര്‍ പറയുന്നു ഇപ്പോള്‍  താപനില  -32 ഡിഗ്രി സെല്‍ഷ്യസ് . പക്ഷേ  അനുഭവപ്പെടുന്ന  തണുപ്പ് പറഞ്ഞറിയിക്കാനാവില്ല. രണ്ടു കൈയുറകളും , രണ്ടു കമ്പിളി സോക്സും , ബൂട്ട്സും ,കട്ടിയുള്ള  ഡൌണ്‍  ജാക്കറ്റുമൊന്നും  ഈ തണുപ്പില്‍ നിന്നും  പൂര്‍ണ്ണമായ  രക്ഷ  നല്‍കുന്നില്ല.  ഐസ്   ശില്‍പങ്ങളില്‍  നിന്നു പ്രവഹിക്കുന്ന  തണുപ്പ്  ശരീരത്തിലേക്ക് അരിച്ചിറങ്ങുന്നു.   ഈ തണുപ്പ്  വകവയ്ക്കാതെ  ഇവിടെ  വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ്.

സോങ്ഹുവാ നദി

തണുത്തു മരവിച്ചു ഞങ്ങള്‍ ഈ മഞ്ഞില്‍  വിരിഞ്ഞ  നഗരത്തോട് യാത്രചൊല്ലി , ഇവിടെ കണ്ട സ്വപ്നതുല്യമായ കാഴ്ചകളെ  ഒരിക്കലും മരവിക്കാത്ത  ഓര്‍മ്മകളായി കൂടെക്കൂട്ടി.

മഞ്ഞില്‍ വിരിഞ്ഞ നഗരം

ബെയ്ജിംഗ് ഭക്ഷണവീഥിയിലൂടെ

കഴിഞ്ഞ കുറച്ചു  നാളുകളായി  ചൈനയിലാണ്  ഞാന്‍   ജോലിചെയ്യുന്നത് എന്നറിയുമ്പോള്‍ ഭൂരിപക്ഷം ആളുകളുടേയും ആദ്യ ചോദ്യം ഭക്ഷണത്തെപ്പറ്റിയാകും.

“പാമ്പിനെ  കഴിച്ചുവോ? “

“പല്ലി , പാറ്റ എന്നിവയാണോ ഇപ്പോള്‍ ആഹാരം ?”

“പുഴു ഫ്രൈ   രുചിച്ചുവോ? “

“ഇല്ല . പാമ്പ് , പല്ലി , പാറ്റ ഇവയൊന്നും എനിക്ക് ഷാങ്ങ്ഹായില്‍  ഭക്ഷണവിഭവമായി കാണാനായില്ല . അഥവാ കണ്ടാലും ഞാന്‍ കഴിക്കില്ല” ,  ഒരേ ഉത്തരം ഞാന്‍ ആവര്‍ത്തിച്ചു.

ബെയ്ജിങ്ങിലെ  തോങ്ങ്‌ഹുവാമെന്‍ ഭക്ഷണവീഥിയിലൂടെ നടന്നു നീങ്ങിയപ്പോള്‍ ഈ ചോദ്യങ്ങള്‍ എന്‍റെ  ഉള്ളില്‍ വീണ്ടും മുഴങ്ങി. ഇത്തവണ ഉത്തരത്തെപ്പറ്റി ആലോചിക്കാനായില്ല. ഈ  രാത്രികാല  മാര്‍ക്കറ്റിലെ കാഴ്ചകള്‍ കണ്ടു ഞാന്‍ അന്ധാളിച്ചു , മൂക്കു പൊത്തി ഓടുവാന്‍ ഇടയ്ക്കിടെ  പ്രേരണ ഉണ്ടായി.

ഇരുനൂറ് മീറ്റര്‍  നീളമുള്ള  ഈ   മാര്‍ക്കറ്റ്‌  ജനനിബിഡമാണ്.  നഗരമദ്ധ്യത്തില്‍  തന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്.  ഭൂരിഭാഗം   വിനോദസഞ്ചാരികളും  ഫോട്ടോ  എടുക്കുന്നതിന്‍റെ തിരക്കിലാണ്. ധൈര്യശാലികള്‍ ഏതൊക്കെ  വിഭവങ്ങള്‍   കഴിക്കണം എന്ന  ചിന്തയില്‍   ഓരോ കടകളും സസൂക്ഷ്മം നിരീക്ഷിക്കുന്നു.   ജീവിതത്തില്‍ ആദ്യമായി   ഇത്രയും വിചിത്രമായ ഭക്ഷണവിഭവങ്ങള്‍  നേരിട്ടു കണ്ടതിന്‍റെ അമ്പരപ്പോടെ ആ തിരക്കിനിടയിലൂടെ ഞാന്‍  നടന്നു നീങ്ങി.

ഇതും  ഭക്ഷണമോ  ?

പുല്‍ച്ചാടി

IMG_3977

തേള്‍

വിഷജീവി എന്നു  നാം കരുതുന്ന തേള്‍ !!

IMG_3982

IMG_3980

വിവിധതരം  തേളുകള്‍ ഇവിടെ ലഭ്യമാണ്.  വലിയവ – നല്ല കറുപ്പ് നിറം , ഉരുണ്ട ശരീരം . ചെറിയവ – തവിട്ടു നിറം , മെലിഞ്ഞ ശരീരം .

പഴുതാര

IMG_3979

പാമ്പ് , ചിലന്തി

IMG_4007

കടല്‍ക്കുതിര , നക്ഷത്രമത്സ്യം

SAM_1485

മറ്റുള്ളവ

IMG_4012 IMG_3996 IMG_4005IMG_3995

പേരറിയാത്ത  മറ്റു പല  ജീവികളേയും , ചെമ്മരിയാടിന്‍റെയും  ചില പക്ഷികളുടെയും  സാധാരണയായി   ഉപയോഗിക്കാത്ത  പല  ശരീരഭാഗങ്ങളും അവിടെ കാണാനായി.  മിക്ക കടകളിലും  ഒരേ വിഭവങ്ങള്‍ തന്നെ , ഈക്കൂട്ടത്തില്‍ ചില കടകളില്‍ സാധാരണ  നൂഡില്‍സും  സൂപ്പും  കടലവിഭവങ്ങളും ലഭിക്കുന്നു.

“രുചിച്ചു നോക്കാതെ എങ്ങനെയാണ്  ഒരു ഭക്ഷണം നിങ്ങള്‍ക്ക്  ഇഷ്ടപ്പെട്ടുവോ ഇല്ലെയോ എന്നു പറയാനാവുക ?പാമ്പാകട്ടെ , പട്ടിയാകട്ടെ , പുഴുവാകട്ടെ , അതിനെ  ഒരു രുചികരമായ   ഭക്ഷണപദാര്‍ത്ഥമായി  മാത്രം കാണുക.  നിങ്ങള്‍  ഇന്ത്യാക്കാര്‍ക്ക് പല രുചികരങ്ങളായ  വിഭവങ്ങളും  നഷ്ടപ്പെടുന്നു. ” ചൈനാക്കാരനായ  ഒരു സുഹൃത്ത്‌ അഭിപ്രായപ്പെട്ടു. പക്ഷേ  വളരെ വിശപ്പോടെ ഈ മാര്‍ക്കറ്റില്‍ കയറിയ   എനിക്ക് ,  ഈ   കാഴ്ചകള്‍  കണ്ടു മനസ് മടുത്തു. അന്നു  മുഴുവനും യാതൊന്നും  കഴിക്കാന്‍  തോന്നിയില്ല. എന്നിരുന്നാലും  ബെയ്ജിംഗ്  യാത്രയിലെ   ഒരു  മറക്കാനാവാത്ത  അനുഭവമായി മാറി   ഇവിടുത്തെ  കാഴ്ചകള്‍..

 

ബെയ്ജിംഗ് ഭക്ഷണവീഥിയിലൂടെ